Anish Divakaran
കേരളപ്പിറവി - ചില ചിന്തകള്‍.
_______________________________________
1859നു മുമ്പുള്ള കേരളം. അതായത് സ്വാമി വിവേകാനന്ദന്‍ പറഞ്ഞത് പോലെ കേരളീയര്‍ ഭയങ്കര സംസ്കാരസമ്പന്നരായിരുന്ന സമയം. ഓരോ ജാതിയിലെയും സ്ത്രീകള്‍ അവരുടെ മുകളില്‍ ഉള്ള ജാതിക്കാരുടെ മുമ്പില്‍ മേല്‍മുണ്ട് ഇല്ലാതെ വേണം നില്ക്കാന്‍. ഉദാഹരണത്തിന് ബ്രാഹ്മണരുടെ മുമ്പില്‍ ശൂദ്ര (നായര്‍) സ്ത്രീകള്‍ മാറ് തുറന്നു കാണിക്കണം. അധകൃതസ്ത്രീകള്‍ മാറ് മറക്കാനേ പാടില്ല. അതുപോലെ ഓരോ ജാതിക്കും എത്ര താഴ്ത്തി മുണ്ടുടുക്കാം എന്ന് അവിടെ നിയമം ഉണ്ടായിരുന്നു. അധകൃതര്‍ മുട്ടിനു മുകളില്‍ മാത്രമേ മുണ്ടുടുക്കാവൂ. ബ്രാഹ്മണര്‍ക്ക് അവരുടെ ജാതിയില്‍ താഴെയുള്ള ഏതു സ്ത്രീയെയും പ്രാപിക്കാം. അന്നൊക്കെ നമ്മുടെ സംസ്കാരം നിശ്ചയിക്കുന്നത് മനുസ്മൃതിയാണ്...ഇന്ത്യന്‍ ഭരണഘടന നിലവില്‍ വന്നിട്ടില്ല.
മുകളില്‍ പറഞ്ഞ വര്ഷമാണ് ചാന്നാര്‍ കലാപം (മുലമറയ്ക്കല്‍ സമരം) നടക്കുന്നത്. ക്രിസ്ത്യാനികള്‍ ആയി മതപരിവര്‍ത്തനം ചെയ്ത ചാന്നാര്‍ സ്ത്രീകള്‍ “പാശ്ചാത്യ സംസ്കാരത്തിന്റെ” അതിപ്രസരതാല്‍ മാറ്മറച്ചു തുടങ്ങി. രണ്ടു ചാന്നാര്‍ സ്ത്രീകള്‍ കല്ക്കുളം ചന്തയില്‍ മുലമറച്ചു വന്നപ്പോള്‍ സവര്ണ്ര്‍ ചേര്ന്ന് ബലാല്‍ക്കാരമായി അവരുടെ മുലക്കച്ച കീറിയെറിഞ്ഞു. മുലമറച്ച ചാന്നാര്ത്രീ കളെ നെയ്യാറ്റിന്കരയിലും കളിയിക്കവിലയിലും സവര്ണ്ണര്‍ റവുക്കയും മുണ്ട് വലിച്ചു കീറി അപമാനിച്ചു. അഞ്ചുതെങ്ങില്‍ ഒരു ദാസി മാറ് മറച്ചപ്പോള്‍ ആറ്റിങ്ങല്‍ റാണി അവളെക്കൊണ്ട് അത് അഴിച്ചു മാറ്റിച്ചു. ഇസ്ലാംമതം സ്വീകരിച്ച ഒരു ഈഴവസ്ത്രീ മാറ് മറച്ചപ്പോള്‍ അവളുടെ മേല്‍വസ്ത്രം കപ്രട്ടുകൃഷ്ണപ്പണിക്കര്‍ എന്ന അധികാരി അഴിച്ചു മാറ്റി. സംസ്കാരത്തിന്റെ സംരക്ഷകരായ മഹാരാജാവും സവര്ണാസദാചാരപോലീസുകാരും അന്ന് തെരുവുകള്‍ ചോരക്കളമാക്കി.
1859ല്‍ ഹിന്ദുക്കള്‍ അല്ലാത്ത സ്ത്രീകള്‍ക്ക് മുലക്കച്ചയിടാനുള്ള അവകാശം തിരുവിതാംകൂര്‍ മഹാരാജാവ് നല്കി. ആര്ഷ് ഭാരതസംസ്കാരത്തിനു കേരളത്തില്‍ ഏറ്റ ആദ്യത്തെ പ്രഹരം ആയിരുന്നു അത്. അതിനും അരനൂറ്റാണ്ടു ശേഷം 1914ല്‍ ആണ് പുലയര്‍ക്കും പറയര്ക്കും ഒക്കെ മുലമറയ്ക്കാനും കല്ലുമാല പൊട്ടിച്ചെറിയാനും ഉള്ള അവകാശം ലഭിച്ചത്.
ഞാന്‍ പറഞ്ഞു വരുന്നത് എന്തെന്നാല്‍ സംസ്കാരം എന്നത് ഒരു ഇരുമ്പുലക്കയല്ല എന്നാണ്. അത് ലോലമായ ഒരു വസ്തുവാണ്. അതിനു പെട്ടെന്ന് മുറിവേല്ക്കും . പക്ഷെ അതിനെ പരിവര്‍ത്തിതപ്പെടുത്താന്‍ സാധിക്കും. അതിനു പെട്ടെന്ന് മുറിവുണങ്ങുകയും ചെയ്യും. ഓരോ പ്രാവശ്യവും പുതിയ തലമുറ സംസ്കാരത്തിനെ പരിവര്ത്തനപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ പാരമ്പര്യവാദികള്‍ വാള്‍ എടുക്കാറുണ്ട്. അന്നന്ന് നിലനിന്നിരുന്ന ഭരണകൂടങ്ങളും പുരോഹിതരും അവരുടെ നിയന്ത്രണത്തിലുള്ള പോലീസും മാമൂലുകളുടെ മാനസികഅടിമകളായ ജനങ്ങളും സ്വതന്ത്രചിന്തയുടെ ആശയങ്ങള്ക്കെകതിരെ വാളുയര്ത്തിയിട്ടുണ്ട്.
പക്ഷെ മാറ്റം അനിവാര്യമാണ്. മാറ്മറയ്ക്കല്‍ സമരമായാലും ഊഴിയംവേല (അടിമത്തം) നിരോധനസമരമായാലും സ്ത്രീകള്ക്കും ദരിദ്രര്ക്കും വോട്ടവകാശം നേടാനുള്ള സമരമായാലും കൂലികിട്ടാന്‍ തൊഴിലാളികള്‍ നടത്തുന്ന സമരമായാലും ഗന്ധര്‍വന്മാര്‍ക്ക് ഹാലിളകാതെ ജീന്‍സ് ഇടാനുള്ള സമരമായാലും തുല്യാവകാശങ്ങള്ക്ക് വേണ്ടിയുള്ള ലൈംഗികന്യൂനപക്ഷങ്ങളുടെ സമരമായാലും അതല്ല ഇഷ്ടപ്പെടുന്നവരെ കെട്ടിപ്പിടിക്കാനും ചുംബിക്കാനുമുള്ള സമരമായാലും കൊള്ളാം സംസ്കാരം പരിവര്ത്തനപ്പെടുക തന്നെ ചെയ്യും. അതിനെ കുറച്ചുനാള്‍ പിമ്പോട്ടു വലിക്കാന്‍ മനുസ്മൃതിക്കും ശരീയത്തിനും ഇപ്പോള്‍ നിലനില്ക്കുന്ന മെക്കാളെസായ്വ് ഉണ്ടാക്കിയ 1860ലെ വിക്ടോറിയന്‍-ക്രിസ്ത്യന്‍ നിയമവ്യവസ്ഥക്കും സാധിച്ചേക്കാം. പക്ഷെ അവസാനവിജയം പുതിയ തലമുറയ്ക്ക് തന്നെയാവും. കാരണം ഭാവി അവരുടെയാണ്.