കേരളത്തിന് ഇനി വിഗ്രഹങ്ങള്‍ ആവശ്യമില്ല.
വിശുദ്ധര്‍ എത്ര വേണമെങ്കിലും ആകാം.
ചാവറയച്ചനും എവുപ്രാസ്യാമ്മയും വിഗ്രഹവത്കരിക്കപ്പെടാനുള്ള സാദ്ധ്യത വിദൂരത്തല്ല.
ഇരുവരുടെയും പേരില്‍ കൂടുതല്‍ പള്ളികള്‍, കപ്പേളകള്‍, പെരുന്നാളാഘോഷങ്ങള്‍, ഊട്ടുനേര്‍ച്ചകള്‍, ഭക്താഭ്യാസങ്ങള്‍ തുടങ്ങിയവ ഉണ്ടാകാനാണ് ഇതെല്ലാമിടയാക്കുന്നതെങ്കില്‍ ഇവരുടെ ഓര്‍മ്മകളോടുള്ള അനാദരവായിരിക്കുമത്.
അയ്യായിരത്തോളം പേര് കേരളത്തില്‍ നിന്ന് ഈ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ റോമിലേയ്ക്കു പോയെന്നാണ് കണക്ക്. അന്‍പതു മുതല്‍ നൂറു വരെ കോടി രൂപാ ഈയൊരൊറ്റയിനത്തില്‍ മാത്രം ചിലവഴിക്കപ്പെട്ടു. ഇതൊരു സൂചനയാണെങ്കില്‍, സൂചിതമാകുന്ന ഭാവി ചാവറയച്ചനും മറ്റും കൊണ്ടുവരാനാഗ്രഹിച്ച നവോത്ഥാനത്തിനനുഗുണമല്ല.
ലക്ഷങ്ങള്‍ മുടക്കി കോടികള്‍ വരുത്തുന്ന വിദ്യകളില്‍ വിരുതുള്ളവര്‍ ഏതോ മഹാമനസ്കതയുടെ പേരില്‍ ചാവറയച്ചനെ അള്‍ത്താരയില്‍ നിന്ന് ഇതുവരെ ഒഴിവാക്കി നിറുത്തുകയായിരുന്നു എന്നു പോലും കരുതുന്ന ചിലരുണ്ട്. ഇത്തരം പ്രഖ്യാപനങ്ങളിലൂടെ ആ ജീവിതം ജനശ്രദ്ധയില്‍ വരുന്നത് ഇപ്പോഴത്തെ വരേണ്യവര്‍ഗസേവനത്തിനു തടസ്സമാകുമെന്നു കരുതിയതാകാം ഇതു വൈകിച്ചതെന്നൊരു ന്യായം.
പന്തിയില്‍ പക്ഷാഭേദം കൂടാതെ സകലരെയും വിളിച്ചിരുത്തി ഉച്ചക്കഞ്ഞിയടക്കം നല്കി വിദ്യ വിളന്പിയ ചാവറയച്ചനെവിടെ, ലക്ഷങ്ങള്‍ മുന്‍കൂര്‍ വാങ്ങി പണവും പത്രാസുമുള്ളവര്‍ക്കു മാത്രം തങ്ങളുടെ പടി ചവിട്ടാന്‍ അവസരം നല്കുന്ന പിന്‍ഗാമികളെവിടെ എന്ന് ചാവറയച്ചന്റെ ചരിത്രത്തെ ചാനലുകള്‍ ചര്‍വ്വണം ചെയ്യുന്പോള്‍ ആരെങ്കിലും ചിന്തിച്ചുപോയാലോ?
വിശുദ്ധരെ സൃഷ്ടിക്കുകയല്ല, ഇവിടെ വിശുദ്ധരായി ജീവിച്ച ചിലരെ തിരിച്ചറിഞ്ഞ് അംഗീകരിക്കുകയാണ് ഇത്തരം പ്രഖ്യാപനങ്ങളിലൂടെ ചെയ്യുന്നതെന്നു സഭാപ്രബോധനം. ജീവിതയാത്രയില്‍ വഴികാട്ടികളും വിളക്കുമരങ്ങളുമായി ആ ജീവിതങ്ങളെ ഉയര്‍ത്തി നിറുത്തുകയാണ് ഇതുവഴി ചെയ്യുന്നത്. പക്ഷേ, അവര്‍ കാട്ടുന്ന വഴികളിലൂടെ പോകാനല്ല, അവരില്‍ നിന്നു വെളിച്ചം സ്വീകരിക്കാനല്ല, പകരം അവരെ ഉദ്ദിഷ്ടകാര്യസാദ്ധ്യത്തിനുള്ള കരുക്കളായി കാണാനാണു സൗകര്യം. അവര്‍ അത്ഭുതങ്ങള്‍ ചെയ്തു തരുമെന്നാകാം, അവരിലൂടെ സ്വന്തം സ്ഥാപനങ്ങള്‍ക്കു പണവും പ്രചാരവും നേടാമെന്നുമാകാം ഉള്ളിലിരിപ്പുകള്‍.
അത്ഭുതങ്ങള്‍ ചെയ്തു എന്നവകാശപ്പെടുന്നവരോട് അന്ത്യവിധിനാളില്‍ ദൈവം പറയാനിരിക്കുന്നത് "നിങ്ങളെ ഞാന്‍ അറിയുക പോലുമില്ല" എന്നാണെന്ന് ബൈബിള്‍! ആട്ടും തുപ്പുമേറ്റ്, അടിയും തൊഴിയും കൊണ്ടു, കഴുവേറി മരിച്ച ഒരു ദൈവം അത്ഭുതപ്രവര്‍ത്തകരോടു മറ്റെന്തു പറയാന്‍?!
വിരാമതിലകം:
ഒരിക്കലൊരാള്‍ ഒരു കത്തോലിക്കാ സന്യാസാശ്രമത്തില്‍ ഉച്ചയൂണിന്റെ നേരത്തു ചെന്നു പെട്ടു. നോക്കുന്പോള്‍ വിഭവസമൃദ്ധമായ വിരുന്ന്. അയാള്‍ ചോദിച്ചു,
"നിങ്ങള്‍ ഈ ദാരിദ്ര്യവ്രതമൊക്കെ എടുക്കുന്നയാളുകള്‍ ഇങ്ങിനെയാണോ ദിവസവും ആഹാരം കഴിക്കുന്നത്?"
"യ്യോ, ഇത് ഫീസ്റ്റിന്റെയാ. ഇന്ന് ഒരു വിശുദ്ധന്റെ തിരുനാളാണ്. അതുകൊണ്ടാണ് ഇത്രയും വിഭവങ്ങള്‍."
"കൊള്ളാം. എത്ര വിശുദ്ധരുടെ ഫീസ്റ്റാണ് നിങ്ങള്‍ ആഘോഷിക്കാറുള്ളത്?"
"കത്തോലിക്കാസഭയില്‍ ആയിരകണക്കിനു വിശുദ്ധരുണ്ടെങ്കിലും ഞങ്ങള്‍ ഒരു വര്‍ഷം ആകെ 365 വിശുദ്ധരുടെ തിരുനാള്‍ മാത്രമേ ആഘോഷിക്കാറുള്ളൂ."